This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലാരന്‍ഡന്‍, എഡ്വേഡ് ഹൈഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലാരന്‍ഡന്‍, എഡ്വേഡ് ഹൈഡ്

Clarendon, Edward Hyde (1609 - 74)

ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞനും ചരിത്രകാരനും. 1609 ഫെ. 18-ന് വില്‍റ്റ്ഷയറില്‍ ജനിച്ചു. ഓക്സ്ഫഡ്, ലണ്ടനിലെ മിഡില്‍ ടെമ്പിള്‍ എന്നിവിടങ്ങളില്‍ നിന്നും ബിരുദമെടുത്ത് അഭിഭാഷകനായി. പാര്‍ലമെന്റംഗം (1640), ചാന്‍സലര്‍ ഒഫ് എക്സ്ചെക്കര്‍ (1643), പ്രിവികൗണ്‍സിലര്‍ (1643) തുടങ്ങിയ സ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ടു. ആഭ്യന്തരയുദ്ധകാലത്ത് രാജാവിന്റെ പക്ഷത്തു ചേര്‍ന്ന ഇദ്ദേഹം ചാള്‍സ് I-ന്റെ വധത്തിനുശേഷം ഫ്രാന്‍സില്‍ അഭയംതേടുകയും ചാള്‍സ് II-ന്റെ ഉപദേഷ്ടാവാകുകയും ചെയ്തു. രാജവാഴ്ച പുനഃസ്ഥാപിതമായശേഷം 1661-ല്‍ ഇദ്ദേഹത്തിന് പ്രഭുസ്ഥാനം ലഭിച്ചു. 1667 വരെ രാജാവിന്റെ പ്രധാനമന്ത്രിയായിരിക്കെ കത്തോലിക്കരുടെയും പ്യൂരിറ്റന്മാരുടെയും വിരോധത്തിനു പാത്രമായി. ഇതോടെ രാജസേവകന്മാരുടെ പുതിയ തലമുറ ഇദ്ദേഹത്തിനെതിരായി തിരിഞ്ഞു. 1667-ലെ ഇംഗ്ലീഷ്-ഡച്ച് യുദ്ധത്തില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടപ്പോള്‍ പരാജയകാരണം ആരോപിച്ച് മന്ത്രിസ്ഥാനത്തുനിന്നും നിര്‍ബന്ധിച്ച് രാജിവയ്പിക്കുകയും പാര്‍ലമെന്റിനു മുമ്പാകെ വിചാരണയ്ക്കു വിധേയനാക്കുകയും ചെയ്തു. എന്നാല്‍ പ്രഭുസഭ ഇദ്ദേഹത്തെ വെറുതേ വിട്ടു. തുടര്‍ന്ന് ഇദ്ദേഹം ഫ്രാന്‍സിലേക്ക് പലായനം ചെയ്തു.

ഹിസ്റ്ററി ഒഫ് ദ് റബലിയന്‍ ഇന്‍ ഇംഗ്ലണ്ട് (3 വാല്യങ്ങള്‍, 1704-07) എന്ന വിപ്ലവചരിത്രഗ്രന്ഥത്തിന്റെ കര്‍ത്താവാണ് ഇദ്ദേഹം. വ്യക്തിത്വചിത്രീകരണങ്ങളുടെ മേന്മകൊണ്ട് സാഹിത്യത്തില്‍ ഉന്നതസ്ഥാനം നേടിയ കൃതിയാണിത്. കോണ്‍ടെംപ്ലേഷന്‍സ് ഓണ്‍ ദ് സാംസ്(Contemplations on the psalms) എന്ന മതഗ്രന്ഥവും ആത്മകഥയും ഇദ്ദേഹം എഴുതിയിട്ടുണ്ട്.

1674 ഡി. 9-ന് റൂവനില്‍ ക്ലാരന്‍ഡന്‍ അന്തരിച്ചു. ഒരു കൊല്ലത്തിനുശേഷമാണ് ഭൗതികാവശിഷ്ടം വീണ്ടെടുത്ത് വെസ്റ്റ്മിന്സ്റ്ററിലെ ആബിയില്‍ സംസ്കരിച്ചത്.

(എന്‍.കെ. ദാമോദരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍